ചെറുകഥ: ഇനി ഇറങ്ങിക്കോ…
സമയം 12:00 Am ! എന്റെ പൊടിപിടിച്ച ബാഗിൽ നിന്നും ലാപ്‌ടോപ്പ് എടുത്തു, പവർ ഓൺ ചെയ്തു. പിന്നീട് ഇന്റർനെറ്റ് കണക്ട് ചെയ്തുകൊണ്ട് മകന്റെ വീഡിയോ കോളിനായി ‘ ഞാൻ കാത്തിരിരുന്നു. മണിക്കൂറുകൾ പലതും താണ്ടി; വിളിയൊന്നും കണ്ടില്ല , അവൻ വെല്ല തിരക്കിലുംപെട്ടതുകൊണ്ടാകാം എന്ന് സ്വയം ആശ്വസിച്ചു. ആരുടേയും വിളി കാണാത്തതിനാൽ ഞാൻ ലാപ്‌ടോപ്പ് മടക്കി വെച്ചു, തുറന്നിരുന്ന ജാലകത്തിലൂടെ ഭൂതകാലത്തിലെ ഓർമ്മകളിൽ ലയിച്ചു.
നല്ല മഴയുള്ള ദിവസം! തണുപ്പത്ത് രണ്ട് പുതപ്പും പുതച്ചു ചുരുണ്ടുകൂടി നിദ്രയെ സ്നേഹിക്കുന്ന എന്നെ തേടി പതിവ് വിളി എത്തി.
എന്റെ സ്വന്തം അമ്മയുടെ വിളി, “ഡാ മോനെ എഴുന്നേൽക്കഡാ…..” ഈ വാണിംഗ് വിളി നിന്നും മനസിലാക്കാം സ്റ്റീൽ ഗ്ലാസിൽ തളച്ച ചൂടോടെ തയാറാക്കിയ കട്ടൻ കാപ്പി എനിക്കായി കാത്തിരിക്കുന്നു. വിളി കേട്ടിലെന്നു നടിച്ചു വീണ്ടും പുതപ്പ് തലയി ൽ മൂടി കിടക്കും.
പിന്നെ അമ്മയുടെ എണ്ണിപ്പറച്ചൽ ഓരോന്നായി കേൾക്കാം – “ഈ ചെക്കന്നു എന്താ ? വിളിച്ചാൽ ചെവി കേട്ടുടെ..?? ഈ വർഷം പത്താംക്ലാസ് ആയി, എന്നിട്ടും അതിന്റെ ഒരു ചൂടോ ഉഷണമോ അവനുണ്ടോ?”
ഇനി എഴുന്നേറ്റിലെങ്കിൽ ‘സീൻ ‘ ബോറാകും അതുകൊണ്ടുതന്നെ മെല്ലെ കിടക്കയെ വെടിഞ്ഞു ഞാൻ , “ഈ തന്നുപ്പത്തു എവിടെന്നാ അമ്മെ ‘ചൂടും ഉഷണവും? ”
ഉറക്കം കെടുത്തിയ ദേഷ്യത്തിൽ ഞാൻ ചോദിച്ചു. ആവർത്തനവിരസതയുള്ള അമ്മയുടെയും എന്റെയും പ്രഭാത സംഭാഷണം നിർത്താൻ അപ്പുറത്ത് പഠിച്ചുകൊണ്ടിരിക്കുന്ന പെങ്ങന്മാർ ഉത്തരവിടുന്നത്തോടെ സ്കൂളിൽ ചെന്ന് എങ്ങനെ സമയം കളയും എന്ന ചിന്തയിൽ മുഴുകും ഞാൻ .
ഗണിതശാസ്ത്രത്തിൽ മാത്രം എനിക്ക് ഇപ്പോഴും നല്ല മാർക്ക് (90 %) ഉണ്ടാകും, മറ്റുള്ള വിഷയങ്ങളിൽ തട്ടിയും മുട്ടിയും തോറ്റും ജയിച്ചും കൊണ്ടിരിക്കും. അതുകൊണ്ടാകാം എന്റെ അച്ഛൻ പറയാറുള്ളത് “കണക്കിൽ അവൻ മിടുക്കാനനെങ്കിലും മറ്റു വിഷയങ്ങളിൽ കണക്കാ”
ഗണിതശാസ്ത്രത്തിനോടുള്ള സ്നേഹം കൊണ്ടാകാം അത് പഠിപ്പിക്കുന്ന മാഷിനോടും എന്നിക്ക് അടുപ്പം തോന്നിയത്. അതുകൊണ്ടുതന്നെ ഞാൻ മാഷിനോട് ചില കാര്യങ്ങൾ തുറന്നു സംസാരിക്കാറുണ്ട്. ആകൂട്ടത്തിൽ മറക്കാനാവാത്ത ഒന്നുണ്ട്. ഒരിക്കൽ ഞാൻ മാഷിനോട് പറഞ്ഞു “എങ്ങനെങ്കിലും പത്താം ക്ലാസ്സ് കഴിഞ്ഞിട്ട് പഠിപ്പ് നിര്‍ത്തണം, എന്നിട്ട് നല്ലൊരു ഡ്രൈവറാകണം”
ഇത് കേട്ടിട്ടു മാഷ് പറഞ്ഞു “പഠിക്കുന്നതെല്ലാം നിന്റെ താല്‍പര്യമാണ്. നല്ലൊരു ഡ്രൈവറായിതീരാൻ ആഗ്രഹിക്കുന്ന നീ ഒന്നോർക്കുക, ജീവിതം എന്നത് തടസ്സങ്ങൾ നിറഞ്ഞ, വലിയൊരു മലയാണ്, ഈ ജീവിതശകടത്തിൽ നല്ലൊരു ഡ്രൈവറായി എത്രത്തോളം വേഗത്തിൽ ആ മല കീഴ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നിന്റെ വിജയം” എന്റെ എല്ലാ സാഹചര്യങ്ങൾ അറിയുന്ന മാഷ് ഒന്നുകൂടി കൂട്ടിചേർത്തു” ദരിദ്രനായി ജനിക്കുന്നത് നമ്മുടെ തെറ്റല്ല എന്നാൽ ദരിദ്രനായി മരിക്കുന്നത് നമ്മുടെ മാത്രം തെറ്റാണ് ”
ഒരു ദരിദ്ര കുടുംബത്തിൽ മൂത്തമകനായി ജനിച്ച എന്റെ മുൻപിൽ കൂടുതൽ പഠിക്കാൻ സമയമില്ല, അനിയത്തിമാരെ നന്നായി പഠിപ്പിക്കണം, അവരെ കല്യാണം കഴിപ്പിക്കണം , അച്ഛനെയും അമ്മയെയും നന്നായി നോക്കണം ഇങ്ങനെ ഉത്തരവാദിത്വങ്ങൾ എന്റെ ജീവിത ശകടത്തിന്റെ വേഗതകുറക്കുമോ എന്ന് ഞാൻ ഭയന്നിരുന്നെങ്കിലും അവയിൽ
ഞാൻ വിജയിച്ചു. നിറകൂട്ടിൽ ചാലിച്ച സ്വപ്നങ്ങൾ ഓരോന്നായി ഞാൻ നേടിയെടുക്കുന്നതിൽ വിജയിച്ചു.
വെറും ഒരു ഡ്രൈവറായി ജോലി ആരംഭിച്ച ഞാൻ, കഠിനഅധ്വാനംകൊണ്ട് സ്വന്തമായി ഒരു വണ്ടി വാങ്ങി, പിന്നെ വീട് വെച്ച്, പെങ്ങന്മാരെ കെട്ടിച്ചയച്ചു, ഞാനും വിവാഹിതനായി. അങ്ങനെ എല്ലാംകൊണ്ടും ദൈവം എന്നെ അനുഗ്രഹിച്ചു. ഒരുപാട് വാഹനങ്ങൾ ഞാൻ സ്വന്തമാക്കി. നല്ലൊരു സാമ്പത്തിക കെട്ടുറപ്പായി.
എന്റെ മാഷ് പറഞ്ഞതുപോലെ, ഞാൻ ദുരിതങ്ങൾ നിറഞ്ഞ ജീവിതത്തെ മറികടന്നു എന്റെ ജീവിതശകടം ഓടിച്ചു ഉയരങ്ങളിൽ എത്തി,
പക്ഷെ………………..
പെട്ടന്ന് എന്റെ മുറിയുടെ കതകിൽ ആരോ മുട്ടുന്നു…… “അപ്പച്ചാ കതകു തുറക്കു…..”
ഞാൻ കതകു തുറന്നു “എന്താ മോളെ?”
“മോൻ വിളിചിട്ട് എന്നാ പറഞ്ഞു?”
ഞാൻ മുഖം താഴ്ത്തിയപ്പോൾ അവൾക്കു കാര്യം മനസ്സിലായി.
“വേഗം വാ….എല്ലാവരും അപ്പച്ചന്റെ ‘ബർത്ത്-ഡേ കേക്ക് മുറിക്കാൻ റെഡിയായി ”
“മോളു പൊയികൊള്ളൂ ഞാൻ വേഗം വന്നേക്കാം “അവളെ ഞാ ൻ പറഞ്ഞുവിട്ടു. അവൾ എന്റെ സ്വന്തം മോളെ പോലായാണ്. എന്റെ സ്വന്തം മക്കൾ സ്റ്റേറ്റ്സിലും, ലണ്ടനിലുമാണ്. ഭാര്യ ഇഹലോകവാസം വെടിഞ്ഞതോടെ ഞാൻ ഏകനായി. ഇന്നെനിക്ക് 83 ആം പിറന്നാൾ ദിനമാണ്. സധാരണ എന്റെ പിറന്നാൾ ദിവസം അമേരിക്കയിലെ ഇളയമകൻ വിളിക്കാറുണ്ട്. ഈ പ്രാവിശ്യം അതും മുടങ്ങി, പക്ഷെ മകളുടെ ബർത്ത്-ഡേ സമ്മാനം ലണ്ടനിൽ നിന്നും ‘സ്വാന്തന വൃദ്ധസദനത്തിൽ ‘ ഇന്നലെ എത്തിത്തിയിരുന്നു.
ഞാൻ വേഗം ഡ്രസ്സ് മാറി ഞങ്ങളുടെ പ്രധാന ഹാളിൽ വന്നു. എന്റെ ഇപ്പോഴത്തെ കുടുംബത്തില്ലേ എല്ലാവരും വന്നിട്ടുണ്ട്. 60 ഓളം വൃദ്ധരും ഞങ്ങളെ നോക്കുന്ന രണ്ടു സിസ്റ്റർമാരും, പിന്നെ സമർപ്പണമനസ്സുള്ള രണ്ടു പെൺകുട്ടികളും, അവർ അനാഥാലയത്തിൽ വളർന്നതുകൊണ്ടാകാം പ്രായമായ അപ്പച്ചന്മാരെയും അമ്മച്ചിമാരെയും സ്നേഹിക്കാൻ കഴിയുന്നത്. ഇനിയും ചിലർ ഉണ്ട് , അവരിൽ ചിലർ രോഗംമൂലം തളര്ന്നവരും, മാനസികബുദ്ധി കുറഞ്ഞവരുമാണ് . സിസ്റ്റർ എന്റെ കൈയിൽകേക്കും, കത്തിയും തന്നു ഞാൻ മെല്ലെ അത് മുറിച്ചു എല്ലാവർക്കും കൊടുത്തു എല്ലാവരും സ്നേഹത്തോടെ അത് വാങ്ങി കഴിച്ചു അല്ല്പനേരം ഞങ്ങൾ എല്ലാവരും വേദനകളുടെയും, ഒറ്റപെടുത്തലുകളുടെ ലോകത്തിൽ നിന്ന് പറന്നകന്നു.
ഞാൻ മെല്ലെ പുറത്തേക്കിറങ്ങി, അപ്പോൾ ഞങ്ങളുടെ വൃദ്ധസദനത്തിന്റെ വണ്ടിയെത്തി. ആതിൽ പലരും സൗജന്യമായി നൽകുന്ന അരിയും, തേങ്ങയും, പച്ചകറികളും എല്ലാം ഉണ്ടാകും.
അപ്പോൾ ഞാൻ ആദ്യമായി വാങ്ങിയ എന്റെ വണ്ടിയെകുറിചോർത്തു, ഒപ്പം എന്റെ ‘ജീവിത ശകടത്തെയും’. നല്ലൊരു ഡ്രൈവറായ ഞാൻ ദുരിതങ്ങൾ താണ്ടിയും, സ്വപ്പ്നങ്ങൾ നെയിതും ജീവിത്തത്തിന്റെ മലയിൽ എന്റെ വണ്ടി ഓടിച്ചെത്തി. പക്ഷെ വാർദ്ധ്യകം എന്നെ പിടിക്കുവാൻ തുടങ്ങിയപ്പോൾ മക്കൾ എന്നോട് പറഞ്ഞു, ആ വണ്ടിയിൽ നിന്നും “ഇനി ഇറങ്ങിക്കോ “. അവരുടെ മനസ്സിൽ നിന്നും, സ്വന്തം കുടുംബത്തിൽ നിന്നും എന്നന്നേക്കുമായി ഞാൻ ഇറങ്ങികൊടുത്തു, അതെ, ധനികനായ ഞാൻ സ്നേഹത്തിന്റെ ദാരിദ്രത്തിലേക്ക് വലിച്ചെറിയപ്പെട്ടു.
തലനരയിൽ തഴയരുതെ “നിനക്ക് നന്മ ഉണ്ടാകാനും നീ ഭൂമിയിൽ ദീർഘായിസ്സോടിരിപ്പനും; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക” എന്നത് വാഗ്‌തത്വത്തോടുകൂടിയ ആദ്യകല്പ്പന ആകുന്നു (എഫ്യെസിയര്‍ 6:2)
-ബിനു വടക്കുംചേരി
Comments are closed.