ലേഖനം: യേഹൂവിന്‍റെ രണ്ടാം അദ്ധ്യായം
യേഹൂവിന്റെ രണ്ടാം അദ്ധ്യായം
ഇന്നലകളിൽ ദൈവത്തിനായി തീക്ഷണതയോടെ നിലനിൽക്കുവാൻ കഴിഞ്ഞത് ‘മഹാകൃപ’ ഒന്നുമാത്രമാണ് എന്ന തിരിച്ചറിവില്ലാതെ കഴിഞ്ഞകാലയളവിൽ ഉടയോന്റെ ദൗത്യം നമ്മിലൂടെ സാക്ഷാത്കരിച്ചത് മറ്റുള്ളവരോട് വർണ്ണിച്ചു അങ്ങാടിയിൽ വന്ദനവും വിശാല വേദിയിൽ കൈയടിയും സ്ഥാനമാനത്തിനായി ദൈവിക പ്രമാണത്തിൽ ജാഗ്രത വെടിഞ്ഞ യേഹൂപ്രവർത്തികൾ നവയുഗ സഭയിൽ അരങ്ങു തകർക്കുമ്പോൾ ഇത്തരക്കാർ വിസ്മരിക്കുന്നത് ഹൃദയങ്ങളെ ശോധനചെയ്യുന്ന ദൈവത്തെയാണ് .
യേഹൂവിന്റെ ഒന്നാം അദ്ധ്യായം:
ഇസബേലിന്റെ ദുഃസ്വാധീനത്തിൽ ഇസ്രായേൽ ജനത സത്യ ആരാധന വിട്ട് ബാലാരാധനയിലേക്ക് തിരിഞ്ഞപ്പോൾ ഇസബേൽ ഉൾപ്പെടെ ആഹാബ്‌ഗൃഹത്തെ ഒന്നടങ്കം ഉന്മൂലനംചെയ്യാൻ യഹോവയുടെ നിയോഗം ലഭിച്ചത് യേഹൂവിനായിരുന്നു.
സത്യാരാധനയ്‌ക്കുവേണ്ടി പോരാടിയ വീരശൂര്യപരാക്രമി, ദൈവിക ദൗത്യ നിർവാഹണത്തിനായി ചങ്കുറപ്പോടെ ശത്രുക്കളെ നേരിട്ടതായ ചുരുക്കം ചില യിസ്രായേലിൽ രാജാക്കന്മാരിൽ ഒരുവൻ, ബുദ്ധിപരമായ നീക്കങ്ങളിലൂടെ ശത്രുക്കളെ ഉൻമൂലനം ചെയ്തവൻ
അങ്ങനെ ധീരനായ യേഹൂവിൽ നിന്നും നാം മാതൃകയാക്കേണ്ട കാര്യങ്ങൾ ഏറെയുണ്ട്.
ഇസബേലിനെ ‘ശപിക്കപ്പെട്ടവൾ’എന്നുവിളിച്ചുകൊണ്ടു അതിവേഗം ബഹുദൂരം താണ്ടി തന്റെ ദൗത്യത്തിലേക്ക് യേഹൂ രഥവുമായി പാഞ്ഞടുത്തപ്പോൾ, കാര്യമറിയാൻ തന്നെ എതിരേറ്റ യോരാമും അവന്റെ കൂട്ടാളിയായ യെഹൂദയിലെ അഹസ്യാരാജാവിനേയും ആദ്യം തന്നെ അമ്പിനാൽ കീഴ്പ്പെടുത്തി, പിന്നീട് ഇസബേലിനെയും അതിനുശേഷം ആഹാബ്‌ഗൃഹത്തിലെ ശേഷിക്കുന്നവരെ ഓരോരുത്തരായി വകവരുത്തി.
“നീ എന്നോടുകൂടെ വന്നു യഹോവയെക്കുറിച്ചു എനിക്കുള്ള ശുഷ്‌കാന്തി കാൺക” എന്നുപറഞ്ഞുകൊണ്ടു
യേഹൂവിന്റെ വിശ്വസ്‌തനായിരുന്ന യോനാദാബിനേയും കൂട്ടി ശമര്യയിൽ ചെന്ന് ഉപയാത്താൽ ബാലിന്റെ
പ്രവാചകരെയും ആരാധകരെയും പുരോഹിതരെയും ഒരാൾപോലും ശേഷിക്കാതെ നശിപ്പിക്കുകയും പൂജാസ്തംഭം ഇടിച്ചുകളയുകയും ചെയ്തു.
ദൈവിക ലക്ഷ്യം കൈവരിക്കാൻ “ഉപായം” പ്രയോഗിക്കുന്നത് ശരിയല്ല എന്നാണ് എന്റെ മതം. ദൈവനാമം മഹ്വത്തത്തിനായി വളഞ്ഞ വഴികൾ സ്വീകരിക്കുന്നവർ നമുക്കിടയിൽ ഉണ്ട്. മനുഷ്യന്റെ കുറുക്കു വഴികളിലൂടെ കിട്ടുന്ന മഹത്വം ദൈവത്തിനു ആവിശ്യമില്ല പകരം നമ്മെ ഏൽപ്പിച്ച ദൗത്യം കൃത്യമായി നിർവഹിച്ചാൽ മതി.
യേഹൂവിന്റെ രണ്ടാം അദ്ധ്യായം:
“എങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല;
യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറിയതുമില്ല.” (2 രാജാ 10:1)
ഭൂതകാലത്ത് ദൈവത്തിനു വേണ്ടി വൻങ്കാരം ചെയ്തുയെങ്കിലും ന്യായപ്രമാണത്തിൽ
ജാഗ്രത പുലർത്താതെ വന്നപ്പോൾ ‘എങ്കിലും’ എന്ന ഒറ്റ പദത്തിൽ ഇന്നലകളിൽ താൻ ദൈവത്തിനു വേണ്ടി ചെയ്തതെല്ലാം പഴയ അദ്ധ്യായമായി മാറിയപ്പോൾ യേഹൂവിന്റെ ജീവിതത്തിലെ ശുഭകരമല്ലാത്ത രണ്ടാം അദ്ധ്യായത്തിൽ ഇസ്രായേലിലെ മറ്റു ഭരണാധികാരികളെപ്പോലെ അവനും കാളക്കുട്ടിയാരാധന വെച്ചുപൊറുപ്പിച്ചു ദൈവത്തിനു അനിഷ്ടമായതു ചെയ്തു.
നിത്യതയിലേക്കുള്ള യാത്രക്കിടയിൽ ശുഭകരമല്ലാത്ത രണ്ടാം അദ്ധ്യായം നമ്മുടെ ജീവിതത്തിൽ സംഭവിക്കാതിരിക്കുവാൻ വിശ്വാസം മുറുകെപ്പിടിച്ചു പിമ്പിലുള്ളത് മറന്ന് മുമ്പിലുള്ള പരമവിളിയുടെ ലാക്കിലേക്ക് ലക്ഷ്യമാക്കി കരുതലോടെ നമ്മുക്ക് മുന്നേറാം.
വചനത്തിൽ നിന്ന്: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക;
ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു” (സദൃശ്യവാക്യം 4:23)
-ബിനു വടക്കുംചേരി
Comments are closed.