ഭാവന: വിശ്രമ നാട്ടിലെ വിശേഷങ്ങൾ
ഇവിടെ അനുദിനം ചൂട് വർദ്ധിച്ചുവരുകയാണ്. സന്ധ്യയിൽ അൽപ്പം കാറ്റ് കൊള്ളുവാൻ ഞാൻ വഴിയരികിലൂടെ മന്ദം മന്ദം നടന്നു. ഒരു മരം കണ്ടപ്പോൾ അല്പ്പനേരം ഞാൻ ആ തണൽ ചുവട്ടിൽ ഇരുന്നു. കൂട്ടത്തിൽ ഒരു പാട്ടും ഞാൻ മൂളികൊണ്ടിരുന്നു…
“ദൂതർക്കുംകൂടാവകാശം ലഭ്യമാകാതുള്ള രക്ഷാ…ദൂതറിയിച്ചീടാൻ ഭാഗ്യം ലഭിച്ചെനിക്ക്…”
പാട്ടു പാടി തീർന്നില്ല അപ്പോഴേക്കും ആ ദൂതൻ എത്തി, ‘യാഹനാ’ ദൂതൻ! ഞാൻ ചോദിച്ചു എന്താ വിശേഷിച്ച്?
ദൂതൻ എന്നോട് “നീ അറിഞ്ഞോ ഇപ്പോൾ സ്വർഗ്ഗത്തിൽ ഒരു ഉച്ചകോടി നടക്കുകയാണ്”. ഇതു കേട്ടതും ഉച്ചകോടിയിലെ വിശേഷങ്ങൾ അറിയാൻ എന്നെയും കൊണ്ടുപോകുമോയെന്നു ഞാൻ ചോദിച്ചതിനു ദൂതൻ സമ്മതംമൂളി, അങ്ങനെ ഞങ്ങൾ യാത്രയായി!
ദൂരെ നിന്ന് നോക്കിയാൽ ഒരു പ്രകാശ ഗോപുരം!! വാക്കുകളാൽ വർണ്ണിക്കാൻ കഴിയാത്ത സൗന്ദര്യമുള്ള നാട് ! നവരത്ന നിർമ്മിതമായ പട്ടണത്തിന്റെ പണികൾ ഏറെക്കുറെ കഴിഞ്ഞിരിക്കുന്നു. സ്വർണ്ണപാദകളിലൂടെ ഞാൻ അൽപ്പം നടന്നു. ഹോ… കാലുവെക്കുവാൻപോലും ഞാൻ ഒന്ന് മടിച്ചു.
അൽപ്പനേരം വിശ്രമിക്കുവാനായി ഞാൻ ജീവനദിയുടെ തീരത്തുള്ള ജീവവൃക്ഷത്തിന്റെ അരികിൽ ദൂതനോടൊപ്പം ഇരുന്നു. ഞാൻ മേലോട്ട് ഒന്ന് നോക്കിയപ്പോൾ നല്ല ഫലങ്ങൾ കണ്ടു. ഈ വൃക്ഷം മാസംതോറും പുതിയ ഫലം കാഴിക്കുന്നതാണത്രേ അപ്പോൾ ദൂതൻ എന്നോട് “ഉച്ചകോടിയുടെ പ്രധാന അജണ്ടയെക്കുറിച്ച് അറിഞ്ഞിട്ടുവരാമെന്നു” എന്ന് പറഞ്ഞുകൊണ്ട് പെട്ടന്നുതന്നെ എങ്ങോപോയെങ്കിലും കുറച്ചുകഴിഞ്ഞു തിരിച്ചെത്തി. തുടർന്ന് ഞങ്ങളുടെ സംസാരം ഉച്ചകോടിയെകുറിച്ചായിരുന്നു.
മണവാട്ടി സഭയുടെ കണക്കെടുക്കാനായി ദൈവം ഒരു ദൂതനെ ഭൂയിലേക്ക് അയച്ചു, കണക്കെടുപ്പിനുശേഷം തിരിച്ചെത്തിയ ദൂതന്റെ റിപ്പോർട്ട് ഇവിടെയുള്ളവരെ ഞെട്ടൽ ഉളവാക്കുന്നതായിരുന്നു. കാരണം നാളിതുവരെയായി വളരെ കുറച്ചു പേർമാത്രമേ യോഗ്യത ലിസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നത്, അതിനാൽ ഇത്രയും വലിയ മാളിക വേണ്ടെന്നായിരുന്നു ആ ദൂതൻ സമർപ്പിച്ച റിപ്പോർട്ടിന്റെ പ്രസക്തഭാഗം.
വിസ്തീർണ്ണം വെട്ടിച്ചുരുക്കി പണികൾ പെട്ടന്ന് പൂർത്തികരിക്കാം എന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ മാനവരശിയോടു അചഞ്ചല സ്നേഹമുള്ള പിതാവായ ദൈവത്തിന്റെ വലത്തു ഭാഗത്തിരിക്കുന്ന മനുഷ്യരുടെ ഏക മധ്യസ്ഥനായ ക്രിസ്തു പാപികളോടു കൂടുതൽ കരുണ കാണിക്കുകയും അവരുടെ പാപങ്ങൾ ക്ഷമിച്ചു അവരെ ദൈവരാജ്യത്തിന്റെ അവകാശികളാക്കിതീർക്കുവാൻ സമയം കൂടുതൽ അനുവദിച്ചതോടെ പണികൾ തുടരട്ടെ എന്ന തീരുമാനമാന്നു ഉച്ചകോടി കൈകൊണ്ടത്.
ഉച്ചകോടിയുടെ തീരുമാനം അറിഞ്ഞതോടെ ഞാൻ യാത്രതിരിച്ചു. അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയിൽപ്പെട്ടത്, വിശാലമായ ശാലേംപുരയുടെ വഴി ഇടുക്കവും ഞെരുക്കവും ഉള്ളതാന്നു.
ഞാൻ ദൂതനോടു “എന്തുകൊണ്ട് വഴി മാത്രം ചെറുതായി?” എന്ന് ചോദിച്ചു. ദൂതൻ ഒന്ന് ചിരിചുകൊണ്ട്… എന്റെ തോളിൽ തട്ടി പറഞ്ഞു
“മോനെ, ദൈവിക കല്പ്പന അനുസരിച്ച് അന്ത്യംവരെ ഈ ലോകത്തിന്റെ പാപത്തിൽ നിന്നും വേർപ്പെട്ടു നന്മയും വിശുദ്ധിയും കാത്തു സുക്ഷിച്ച മണവാട്ടി സഭ ഒരു ചെറിയൊരു കൂട്ടമേ ഉണ്ടാകുകയുള്ളൂ, അതുകൊണ്ട് വഴിയും അതിനനുസരിച്ച് പണിതുയെന്നുള്ള”
“മകനെ നീ ഒന്നോർക്കുക, ആളുകൾ കുറഞ്ഞതിനാൽ എന്തെങ്കിലും ഒരു ‘എസ്ക്യൂസ് ‘പറഞ്ഞു സ്വർഗ്ഗത്തിൽ കയറിപറ്റാം എന്ന് ആരും നിനകരുത്, വെറുതെ കിടന്നാലും യോഗ്യതയില്ലാത്ത ആരും അവിടെ എത്തുകയില്ല, തീർച്ച!! ആകയാൽ നല്ലൊരു ക്രിസ്തിയ ജീവിതം നയിച്ചു നാഥനെ എതിരേൽക്കാൻ ഒരുങ്ങികൊള്ളുക ”
ദൂതന്റെ മൊഴികളെല്ലാം കേട്ടുകൊണ്ടുള്ള എന്റെ മടക്കയത്രക്കിടയിൽ, ഓർമ്മവന്ന ഒരു പാട്ടിന്റെ വരികൾ എന്റെ ചുണ്ടിനെ വീണ്ടും ചലിപ്പിച്ചു…
“പാവനമാം പട്ടണത്തിലാരു കടന്നീടും
പാപമറ്റ ജീവിതം നയിച്ചവരല്ലോ
നീതിയായി നടന്നു നേർ പറഞ്ഞു മന്നിൽ
പാതിവ്രത്യമുള്ള മണവാട്ടി മാത്രമേ–മണ…”
– ബിനു വടക്കുംചേരി
Comments are closed.