അഭിമുഖം: എം. ജോൺസൺ

ക്രൂശിന്റെ സാക്ഷ്യവുമായി കുവൈറ്റിൽ

മൂന്ന് പതിറ്റാണ്ടിലേറെ സുവിശേഷ വേലയോടനുബന്ധിച്ചു ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ കൗൺസിൽ അംഗം, സോണൽ ഡയറക്ടർ, ക്രെഡൻഷ്യൽ (credential) ബോർഡ് ഡയറക്ടർ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചു ഇപ്പോൾ ചർച്ച് ഓഫ് ഗോഡ്, കുവൈറ്റ്ദൈവസഭയുടെ ശുശ്രുഷകനായി നിയമിതനായ പാസ്റ്റർ എം. ജോൺസൺനുമായി ബ്രദർ ബിനു വടുക്കുംചേരി നടത്തിയ അഭിമുഖം (2015)

> ഏതു പശ്ചാത്തലത്തിൽ നിന്നുമാണ് സുവിശേഷ വേലയിലേക്ക് കടന്നു വന്നത്, ഏതൊക്കെ നിലകളിൽ പ്രവർച്ചിട്ടുണ്ട് ?

>> 1977 – ൽ ‍കർത്താവിന്റെ വയലിൽ അദ്ധ്വാനിപ്പാൻ ‍ ഇറങ്ങി. കൃപയാൽ 38 വർഷം സുവിശേഷ വേല ചെയുവാൻ ദൈവം സഹായിച്ചു. ഒരു യാകോബായ കുടുംബത്തിലായിരുന്നു ജനനം. അച്ഛനും അമ്മയും ഏഴു മക്കളും അടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിൽ ‍ ജേഷ്ഠനായിരുന്നു ആദ്യം വിശ്വാസത്തിലേക്ക് ഇറങ്ങിയത്‌ പിന്നീടു ഞാൻ ഉൾപ്പെടെ 5 മക്കൾ ഈ വിശ്വാസത്തിലേക്ക് കടന്നുവരുകയായിരുന്നു. മണക്കാല ഫൈത്ത് തിയോളജി സെമിനാരിയിൽ ‍നിന്നും വേദപഠനം പൂർത്തികരിച്ച ശേഷം ചർച്ച് ഓഫ് ഗോഡിന്റെ ലോക്കൽ പാസ്റ്ററായിട്ടായിരുന്നു തുടക്കം. പിന്നീടു ഡിസ്ട്രിക് പാസ്റ്റർ, കൗൺസിൽ അംഗം, സോണൽ ഡയറക്ടർ, ക്രെഡൻഷ്യൽ (credential) ബോർഡ് ഡയറക്ടർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

> കുവൈറ്റിൽ എത്തിയിട്ടു ചില നാളുകൾ മാത്രം പിന്നിടുന്ന ഈ അവസരത്തിൽ‍, കേരത്തിലെ അങ്ങോളമിങ്ങോളം ക്രൈസ്തവർക്കിടയിലെ പീഡകളെ എങ്ങനെ നോക്കി കാണുന്നു?

>> സഭയുടെ ആരഭം മുതൽ പീഡകൾ ഉണ്ടായിട്ടുണ്ട്. ഇനിയും ഇത് വർദ്ധിച്ചുവരുവാനാണ് സാധ്യത. അപ്പോസ്തലന്മാർ‍ ആരുംതന്നെ പീഡകളെ പ്രതിരോധിച്ചിട്ടില്ല. ഇപ്പോൾ ഇതിനെതിരെ നമ്മുടെയിടയിൽ തന്നെ ചിലർ പ്രതികരിക്കുന്നത് കാണുന്നുണ്ടു. എന്നാൽ ക്രിസ്തുവിന്റെ ശിക്ഷ്യന്മാർ‍ പോരാടേണ്ടത് ‘മടങ്ങുന്ന മുട്ടില്‍ന്മേൽ’ ആയിരിക്കണം അവർ പീഡകൾ ഏൽക്കേണ്ടവരാണ്.

എന്നെ വിശ്വാസത്തിൽ കൊണ്ടുവന്നത് ആലപുഴയിലെ ജോർജ്കുട്ടി പാസ്റ്റർ ആയിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ‍ ഞാനും, പി.വി ആശാരി (ആശാരി ഉപദേശി) തുടങ്ങിയവർ‍ രാമേശ്വരത്തിൽ തീരദേശ പ്രവർത്തനവുമായി മുന്നോട്ടുപോകുന്ന കാലത്ത് (1976-ൽ) വെറും 16  വയസു പ്രായം മാത്രമുണ്ടായിരുന്ന എനിക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടുവാൻ ഇടയായിട്ടുണ്ട്.  അന്ന് ഞങ്ങൾ ടീമായി പരസ്യയോഗം നടത്തുബോൾ‍ കല്ലേറും, അടിയും, ചീമുട്ടയേറും എല്ലാം കിട്ടിയിട്ടുണ്ട്. ഉടുതുണിക്ക് മറുതുണിയില്ലാത്ത കാലത്ത് മുട്ടയേറ് കിട്ടിയപ്പോൾ ഞങ്ങൾ ആരുമില്ലാത്ത സ്ഥലത്ത് ചെന്ന് വസ്ത്രങ്ങൾ  കഴുകി ഉണങ്ങുംവരെ കാത്തിരിക്കും.

അപ്പോഴൊക്കെ ക്രിസ്തുവിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുവാൻ കഴിഞ്ഞതിൽ സന്തോഷിക്കുക മാത്രാമാണ് ചെയ്തത്. എന്നാൽ പിന്നീടു മർദ്ദനമേറ്റു സ്ഥലത്തുതന്നെ ദൈവികപ്രവർത്തി കാണുവാൻ‍ ഇടയായി. ഇന്ന് സാമ്പത്തികവും സ്വാധീനവും ഉപയോഗിച്ച് നാം ഇതിനെല്ലാം പ്രതികരിക്കുബോൾ ദൈവത്തിന്റെ പ്രവർത്തി വെളിപ്പെടാതെ പോകുന്നുവെന്നത് ഒരു ദുഖസത്യമാണ്.

വിദേശരാജ്യങ്ങളിൽ ക്രിസ്ത്യാനികളുടെ കഴുത്തറുത്തു കൊല്ലുന്നുവെന്നു നാം പത്രത്തിൽ എല്ലാം വായിച്ചതാണ്. ഈ കൊല്ലപെട്ടവർക്ക്‌ വിശുദ്ധിയുടെ പ്രമാണമോ, മറ്റൊന്നും അറിയണമെന്നില്ല പക്ഷെ അവർക്കോന്നറിയാമായിരുന്നു യേശുക്രിസ്തുവാണ് ഏക രക്ഷൻ‘ എന്ന്.

അതുകൊണ്ട് അവർ വാളിന്റെ മൂർച്ചയെക്കാൾ ക്രിസ്തുവിന്റെ സ്നേഹത്തിനു വിലകൊടുക്കുവാൻ‍ തയ്യാറായി. എന്നാൽ‍ വിശുദ്ധിയുടെ പ്രമാണങ്ങൾ പറഞ്ഞു നടക്കുന്ന നമ്മിൽ പലർക്കും യേശു ആരാണെന്ന് തിരിച്ചറിവ് ഇപ്പോഴുമില്ല.

>38 വർഷത്തെ സുവിശേഷവേല ജീവിതത്തിൽ മറക്കാനാവാത്ത ഏതെങ്കിലുമൊരു അനുഭവം പങ്കുവെക്കാമോ?

>> എന്റെ അപ്പൻ ഒരു കോണ്ട്രാക്ടറായിരുന്നതിനാൽ സാമ്പത്തികമായി നല്ല ചുറ്റുപാട് ഉണ്ടായിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മകളായ എന്റെ  ഭാര്യയോട് പിതാവ് പറഞ്ഞു “പാസ്റ്ററിന്റെകൂടെ കൂടി ഇങ്ങോട്ട് വരരുതെന്ന്”. അന്ന് ഞങ്ങൾ ഒരു തീരുമാനം എടുത്തു, എന്ത് വന്നാലും ദൈവത്തിൽ‍ മാത്രം ആശ്രയിക്കുമെന്നു.

അങ്ങനെയിരിക്കെ ഞാൻ ഇടുക്കിയിലെ ഏലപ്പാറയിൽ പ്രവർത്തിക്കുബോൾ ഒരിക്കൽ എസ്റ്റേറ്റിൽ സമരമുണ്ടായ സമയം. ആ ദിവസങ്ങളിൽ എന്റെ കൈയിലെ പണമെല്ലാം തീർന്നുപോയി. വീട്ടിൽ ഞെരുക്കം വന്നപ്പോൾ ഞങ്ങൾ വിളിച്ച ദൈവത്തിൽ മാത്രം വിശ്വാസം പുലർത്തി. അന്ന് എന്റെ മൂത്ത മകൻ 2 വയസായിരുന്നു. കൊച്ചിനു കൊടുക്കാൻ പാൽ പോലും ഇല്ലാതെ വന്നപ്പോൾ‍ 7 ദിവസം ജീരകവെള്ളം മാത്രം തളപ്പിച്ചു കൊടുത്തുകൊണ്ടിരുന്നു. അപ്പോൾ ഞങ്ങൾ (വിശ്വാസികളോടുപോലും ഒന്നും ചോദികാതെ) എടുത്ത തീരുമാനത്തിൽ‍ ഉറച്ചുനിന്നു.

എഴാം ദിവസം മകൻ തളർന്നു വീണു, ഞങ്ങൾ അവനെ കട്ടിലിൽ കിടത്തി കൈകോർത്തുപിടിച്ച് ദൈവസന്നിധിയിൽ മുട്ടുമടക്കി ഇങ്ങനെ പ്രാർത്ഥിച്ചു

ഇവനെ ഇവിടെ അടക്കം ചെയ്യേണ്ടി വന്നാലും, ഞങ്ങളുടെ തീരുമാനം മുറുകെ തന്നെ പിടിക്കും

പ്രാർത്ഥന കഴിഞ്ഞപ്പോൾ ഒരു അപരിചിതൻ വീട്ടിൽ‍ വന്നു. കുവൈറ്റിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ ഭവന നിർമാണത്തിനു കല്ലിടാൻ എന്നെ ക്ഷണിച്ചുകൊണ്ട് രണ്ടു 500 ന്റെ നോട്ടുകൾ എനിക്ക് നല്‍കി (ഈ സഹോദരൻ ഇപ്പോഴും കുവൈറ്റിൽ ജോലി ചെയുന്നുണ്ട്). അന്നാണ് ഞാൻ‍ ആദ്യമായി 1000 രൂപ ഒന്നിച്ചുകാണുന്നത്. ഒരു ടിൻ‍ പാൽപൊടിക്കു പത്രണ്ട് രൂപ മാത്രമുള്ള സമയത്ത് ദൈവത്തിന്റെ പ്രവർത്തികണ്ടു ഞങ്ങൾ സന്തോഷിച്ചു. അതിൽ പിന്നെ ദൈവം ഞങ്ങളെ അനുഗ്രഹിക്കാൻ തുടങ്ങി, ഇന്ന് അനേകർക്കു കൊടുക്കുവാൻ ദൈവം ഞങ്ങളെ സഹായിക്കുന്നു.

 

> കുവൈറ്റിൽ എത്തിയിട്ട് 2 മാസം തികയുന്ന വേളയിൽ എന്താണ് പറയാനുള്ളത്?

>>വിസിറ്റിംഗ് വേണ്ടി ഞാൻ രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ല, 14 വർഷം മുൻപ് കുവൈറ്റിൽ‍ സന്ദർശിക്കാൻ എന്നിക്ക് വിസ കിട്ടിയിട്ടും ഞാൻ വന്നില്ല. (അതിന്റെ കോപ്പി ഇപ്പോഴും എന്റെ കൈയിൽ ഉണ്ട്). കുറച്ചു സമയം എന്നെ മറ്റൊരു സ്ഥലത്ത് വേലയിലാക്കും എന്നാ ദൈവശബ്ദമാണ് ഇവിടെ വരുവാനുള്ള പ്രധാന കാരണം.

കൃപയാൽ‍ ചർച്ച് ഓഫ് ഗോഡ് കുവൈറ്റിൽ‍ ‍ രണ്ടു മാസം സന്തോഷകരമായി ശുശ്രുഷ ചെയ്തു പോരുന്നു. കുവൈറ്റിൽ‍ ക്രൂശിന്റെ സാക്ഷിയായി ദൈവം അനുവദിക്കുന്ന നാൾവരെ അവന്റെ വേല തുടരുവാൻ ആഗ്രഹിക്കുന്നു.

> ഇന്നത്തെ യുവതലമുറയ്ക്ക് ഒരു സന്ദേശം കൊടുക്കുമെങ്കിൽ അത് എന്തായിരിക്കും?

>> സഭയുടെ ഉപദേശമതിലുകളുടെ ഉയരം കുറച്ച് പരാമാവധി ആളുകളെ കൂട്ടുവാൻ വേണ്ടി നവയുഗത്തിൽ അറിയപെടുന്ന പ്രസംഗകർ ‍ തുടങ്ങി കുറെ യവ്വനക്കാർ വിശ്വാസികളുടെയിടയിൽ വചനത്തിൽ ‍ തെറ്റായ വ്യാഖ്യാനങ്ങൾ ‍ നല്‍കി വഴിതെറ്റിക്കുന്ന പ്രവണത കൂടിവരുന്ന ഈ സാഹിചര്യത്തിൽ വിപരീത ഉപദേശങ്ങളെ ആത്മാവിൽ ‍ വിവേചിച്ചറിയാൻ ‍ ശ്രദ്ധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണം.

സംസാരിച്ചവസാനിക്കുന്നിടയിൽ ‍ ഫെയ്ത്ത് ഹോമിന്റെ കോളിംഗ് ബെൽ മുഴങ്ങി. മൂന്ന് പതിറ്റാണ്ടിലേറെ സുവിശേഷരംഗത്ത് പ്ര പ്രവർത്തിച്ച കർതൃദാസന്റെ അനുഭവങ്ങളിലൂടെ സഞ്ചരം എന്റെ ഊഷരഭൂമിയിലെ പ്രവാസജീവിതത്തിനു ആത്മീയ ഉത്തേജനം പകരുന്നതായിരുന്നു. ഒരു ദൈവദാസനുമൊത്തു ചിലവഴിച്ച ആവേശകരമായ ഓർമ്മകളോടെ ഞാൻ ‍അവിടെനിന്നു വിടവാങ്ങി.

* 2015 ഓഗസ്റ്റ്‌ മാസം മന്ന (കുവൈറ്റ്‌) പത്രത്തിൽ പ്രസിദ്ധികരിച്ച ഈ അഭിമുഖം തയ്യാറാക്കിയത്

ബിനു വടക്കുംചേരി.

Comments are closed.