ചെറുകഥ: ആത്മാക്കൾ ചിരിക്കുന്നു…
അങ്ങനെ ആത്മാക്കൾക്കിടയിൽ പുതിയ ഒരു പിറവികൂടി. വിശ്രമസ്ഥലത്തെത്തുന്ന നവജാത ആത്മാക്കൾ ആദ്യം ചെയ്യാറുള്ളതുപോലെ ഈ ആത്മാവും താഴോട്ടു നോക്കി തന്റെ വിയോഗ കർമ്മങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. പുതിയ അഥിതിയെ പരിചയപ്പെട്ട രണ്ടു-മൂന്ന് സുഹൃത്തുക്കളും തന്റെ കൂടെയുണ്ട്. തന്റെ പുതിയ സുഹൃത്തുക്കളോട് അയാൾ ഓരോന്നായി പറഞ്ഞു തുടങ്ങി…..
അർക്കന്റെ കിരണങ്ങൾ ഭൂമിയോട് വിട ചെല്ലുവാൻ തുടങ്ങിയ നേരം… കുഞ്ഞാറ്റകിളികൾ ചക്രവാളത്തിൽ പറന്നുയർന്നു വൃത്തങ്ങൾ വരിക്കാൻ വെമ്പുന്നു… ലജ്ജയിൽ ലയിച്ചപോലെ സൂര്യൻ കാർമേഘത്തിന്റെ പിന്നിൽ മറയുവാൻ ശ്രമിക്കുന്നു …. മന്ദമാരുതനോടൊപ്പം ചെറുമഴ ഭൂമിയെ നനക്കുന്നുണ്ടായിരുന്നു… “
ഇതു കേട്ടുകൊണ്ടിരുന്ന ഒരു ഫ്രീക്കൻ ആത്മാവ് “ബ്രോ.. സാഹിത്യം പറയാതെ കാര്യം പറ…”
“എന്നാൽ പിന്നെ നാടൻ രീതിൽ പറഞ്ഞേക്കാം ”
ആ സമയം, ഒരു കട്ടൻചായയും കുടിച്ചു തലയിൽ തോർത്തും കെട്ടി പാടത്തേക്ക് ഞാൻ നടന്നു…. “കുടയെടുത്തിട്ടു പോകു മനുഷ്യ……” എന്ന്
സഹധർമ്മിണി നിലവിളിച്ചു… “കുടയോന്നും വേണ്ട ഞാൻ പോകട്ടെ……” തിരിഞ്ഞുനോക്കാതെ ഉത്തരം പറഞ്ഞു…. അത് അവസാനത്തെ വാക്കായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. പാടത്തിന്റെ വരബിൽ വെച്ചു പെട്ടന്നുണ്ടായ ഹൃദയാഗാധത്തിൽ ഞാൻ ഭൂമിയോട് വിട ചൊല്ലി…”
“എന്നായാലും നാം ഭൂമിയോട് വിട ചൊല്ലിയെ മതിയാകു……” സുഹൃത്തുകൾ ആശ്വസിപ്പിച്ചു. “ദെ… നോക്ക്, ആളുകൾ കൂടി എന്റെ മരണം ഉറപ്പു വരുത്തി.
ആത്മാവില്ല ശരിരവുമേന്തി അവർ വീട്ടില്ലേക്ക് പോകുന്നു. വീട്ടിൽ എത്തിയതും ഭാര്യയും, മക്കളും
പോട്ടികരയുന്നു “എന്നാലും ഒന്ന് തിരിഞ്ഞു നോക്കിയിട്ട് പോകാമായിരുന്നു…” എന്നൊക്കെ പറഞ്ഞിട്ടാണ് അവൾ കരയുന്നത്.
മകളാകട്ടെ, “മുട്ട താട അപ്പുസെ… മുട്ട താട അപ്പുസെ…” എന്ന് പറഞ്ഞു കരയുന്നത് കണ്ട് സുഹൃത്തുകൾ ചോദിച്ചു “മുട്ടയോ ..? അതെന്താ സംഭവം??”
” ഹ..ഹ…ഞാൻ വെറുതെ, അവളുടെ കൊച്ചിന്റെ കൈയിൽ ഉണ്ടായിരുന്ന പുഴുങ്ങിയ മുട്ട ചോദിച്ചിരുന്നു… അതാ…”
“ദെ… അതാണ് എന്റെ അയൽവാസി, എന്നും അടിയുപിടിയുമാണ്… അതിർ തർക്കമാണ് വിഷയം. എന്റെ വീട് ഉയർന്ന സ്ഥലത്തായതുകൊണ്ട്, ദിനംപ്രതി മണ്ണ് വെട്ടി എന്റെ സ്ഥലം എടുക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവനുമായി ഉടക്കിയത്.
ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പേരിൽ പ്രസിഡന്റായ അവൻ ഇപ്പോൾ ഇതാ നല്ലൊരു റീത്ത് കൊണ്ടെന്നു വെച്ചിരിക്കുന്നു…സന്തോഷം”
“ആളു… എന്തു നല്ല മനുഷ്യനായിരുന്നു…” കടക്കാരൻ വേലായുധൻ മൊഴിഞ്ഞു. “ഹും…. തന്റെ ചായകടയിൽ
മറ്റുള്ളവരുടെ കുറ്റം മാത്രം പറയുന്നു ഈ പുള്ളി ഞാൻ മരിച്ചതുകൊണ്ടാകാം ആദ്യമായി എന്നെക്കുറിച്ച് നല്ലൊരു വാക്ക് പറയുന്നത്….സമ്മതിക്കണം !”
സുഹൃത്തുക്കൾ – “അതങ്ങനെയാണ് … നാം ജീവിച്ചിരിക്കുമ്പോൾ മിഖ്യവരും നമ്മെ കുറിച്ച് നല്ലൊരു വാക്ക് പറയുകിൽല…”
ഇതിനിടയിൽ എന്റെ ശവപെട്ടി എത്തി. എന്റെ ശവത്തോടോപ്പം ഞാൻ ഉപയോഗിച്ചിരുന്ന കണ്ണാടിയും, വാച്ചും വെച്ചിരിക്കുന്നു.
പോരാത്തതിനു ദെ.. ഞാൻ വായികാറുള്ള പുസ്തകങ്ങളും വെച്ചിരിക്കുന്നു.
‘അതെന്തിനാ ,പുസ്തകങ്ങൾ??’
എന്റെ ചോദ്യത്തിന് സുഹൃത്തുക്കൾ പലവിധ ഉത്തരങ്ങൾ തന്നു, “ബോര്‍ അടിക്കുമ്പോൾ വായിക്കുവാനായിരിക്കും ”,
“അത് വായിക്കുവാനായി വീണ്ടും വിട്ടിലോട്ടു തിരിച്ചു വന്നാലോ എന്നോർത്തിട്ടായിരിക്കും..ഹിഹി..”
പക്ഷെ ഒരു ചോദ്യം അവശേഷിക്കുന്നു… എന്തുകൊണ്ട് അവർ ഞാൻ ഉപയോഗിച്ച
‘മൊബൈൽ ഫോൺ’, ‘സിം‘ തുടങ്ങിയവ വെച്ചിൽല…?
അതിനും സുഹൃത്തുകൾക്ക് ഉത്തരം ഉണ്ടായിരുന്നു “വിശ്രമ സ്ഥലത്ത് മൊബൈൽ ടവർ ഇല്ലെന്നു അവർക്കറിയാം,
റേഞ്ച് ഇല്ലാതെ മൊബൈൽ ഫോൺ’ കൊണ്ട് എന്തു ഉപയോഗം…?” അതുശരിയാണല്ലോ, ഞാനും ഒന്ന് ചിരിച്ചു.
എന്റെ സുഹൃത്ത് പറഞ്ഞു തുടങ്ങി, “നിങ്ങൾക്കറിയാമോ
ഞങ്ങൾ കൊടിശ്വരാന്മാരയതിനാൽ എന്നെ അടക്കിയ ശവപെട്ടി ‘ചന്ദനമരം’ഉപയോഗിച്ചതായിരുന്നു”
“ആണോ? വെറുതെ മണ്ണിൽ ദ്രവിച്ചു പോകുന്ന മരത്തിൽ വേണോ ആഡംബരം? ആ കാശിനു പാവപെട്ട പെൺക്കുട്ടികളുടെ വിവാഹം നടത്തി കൊടുക്കാമായിരുന്നു”
അപ്പോൾ മറ്റൊരു സുഹൃത്ത് – “ഇതൊക്കെ നമ്മുക്ക് ഇവിടെയിരുന്നു പറയാനെ പറ്റു, ഭൂമിയിൽ മൂന്ന് പേര്‍ അടങ്ങുന്ന ചെറുകുടുംബത്തിനു
താമസിക്കാൻ മൂന്ന് നില കെട്ടിടമാണ്, യാത്ര ചെയാൻ രണ്ടു കാറുകൾ, ഇതെല്ലം ആവശ്യമുണ്ടായിട്ടു ചെയ്യുന്നതല്ല മറിച്ച് ജീവിത നിലവാരം കൂട്ടുവാൻ വേണ്ടിയാണു”
ഞങ്ങൾ അങ്ങനെ അതും ഇത് പറഞ്ഞുകൊണ്ടിരിക്കുന്നിടയിൽ അറിയാതെ ഞാൻ അവരുടെ നല്ലൊരു
സുഹൃത്തായിമാറി.
നാളുകൾ കടന്നുപോയി. ഇപ്പോൾ ഒരു വർഷം പിന്നിട്ടിരിക്കുന്നു. എന്റെ ചടങ്ങിന്റെ പേരിൽ മക്കളും ബന്ധുക്കളും കൂടിയിരിക്കുന്നു. രാത്രിയായപ്പോൾ എനിക്കിഷ്ട്ടപെട്ട പലഹാരങ്ങളും, ആഹാരങ്ങളും ഒരുക്കി ഉമ്മറത്ത് വെച്ചിട്ടുണ്ട്.
ദേ…എന്റെ കൊച്ചുമോൻ ചോദിക്കുന്നു “അമ്മച്ചി, ഇതാർക്കാ …?”
“നിന്റെ അപ്പാപ്പന്റെ ആത്മവിനാണ്, ഇന്നത്തെ ദിവസം അവർ വരുമ്പോൾ അവർക്കിഷ്ടമുള്ളതു നമ്മൾ ഒരുക്കി വെക്കണം”
കൊച്ചുമോനു ഒന്നും മനസ്സിലായില്ല . അവൻ കിടക്കുമ്പോൾ ജനൽ തുറന്നു കിടന്നു.
അപ്പാപ്പനെ കാണുവാനായി അവൻ ഉറക്കമൊഴിച്ചു കുത്തിയിരുന്നു.
അങ്ങനെ ഇതാ നേരം വെളുത്തു…നിദ്രയിൽ നിന്നും കൊച്ചുമോനെ അമ്മച്ചി തട്ടി ഉണർത്തി…
ഒരു ഞെട്ടലോടെ അവൻ ഉണർന്നതും, അമ്മച്ചിയോട് പറഞ്ഞു… “ഞാൻ അപ്പാപ്പനെ കണ്ടു, ഇന്നലെ അപ്പാപ്പൻ വന്നു ഉമ്മറത്തെ ആഹാര സാധങ്ങൾ കഴിക്കുന്നത് കണ്ടു” അമ്മച്ചി ചോദിച്ചു (ആകാംഷയോടെ)- “എങ്ങനെ കണ്ടു …നീ…?? ”
ഞാനും എന്റെ കൂടെയുള്ള സുഹൃത്തുക്കളായ അത്മക്കളും കൊച്ചുമോന്റെ ഉത്തരത്തിനായി കാതോർത്തു,
കൊച്ചുമോൻ, ഒരു പാട്ടുപോലെ പാടി…
“പോയപ്പോൾ രണ്ടു കാലുകൾ ……
വന്നപ്പോൾ നാലു കാലുകൾ …
പോയപ്പോൾ വട്ട മുഖം …
വന്നപ്പോൾ കൂർത്ത മുഖം…
പോയപ്പോൾ നിവർന്ന ശരിരം…
വന്നപ്പോൾ കുനിഞ്ഞ ശരിരം…
പോയപ്പോൾ വാലില്ല … വന്നപ്പോൾ വാലുമായി “
അവസാനവരി കേട്ടതും അമ്മച്ചി “വാലോ??” “അതേ, പട്ടിക്കു പിന്നെ വാലുണ്ടാകില്ലേ…?”
നിഷ്കളങ്കമായ കൊച്ചുമോന്റെ ഉത്തരം കേട്ട് അമ്മച്ചി പൊട്ടിച്ചിരിച്ചു.., കൂടെ ആത്മക്കളും ചിരിച്ചു.
– ബിനു വടക്കുംചേരി
Comments are closed.