ചെറുകഥ: ഒരു രത്ന പാമ്പിന്റെ കഥ
അമ്മച്ചീ, അമ്മച്ചി ഒരു കഥ പറഞ്ഞുതാ… കുട്ടികൾ മുറവിളി കൂട്ടി. ഇന്നലത്തെ കഥയോടെ അമ്മച്ചി കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന പരിപാടി നിറുത്തിയതാണ്. ഇന്നലെ കടുകുമണിയുടെ കഥയാണ് പറഞ്ഞത്. കുട്ടികൾ അല്ലെയെന്നു കരുതി കടുകുമണി നട്ടു എന്നും അത് വളർന്നു എന്നുമൊക്കെ പറഞ്ഞ് കുട്ടികളെ ‘കൺഫ്യൂഷൻ’ ആക്കി. ഇന്നു രാവിലെ അമ്മച്ചി അടുക്കളയിൽ ചെന്നപ്പോൾ ഒഴിഞ്ഞു കിടക്കുന്ന കടുക് ചെപ്പ് കണ്ട് കാര്യം ആരാഞ്ഞപ്പോളായിരുന്നു മനസിലായത്, ‘കൺഫ്യൂഷൻ’ തീർക്കാനായി കുട്ടിപ്പട്ടാളം അതെല്ലാം എടുത്ത് മണ്ണിൽ കുഴിച്ചിട്ടു എന്ന്. അതോടെ അമ്മച്ചി ഉറപ്പിച്ചു. ‘കുട്ടിപ്പടകൾ’ക്ക് ഇനി കഥ പറഞ്ഞു കൊടുക്കില്ല.
പ്ലീസ്.. അമ്മച്ചി… പ്ലീസ്.. ഇനി ഞങ്ങൾ അങ്ങനെ ചെയ്യില്ല… എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. ഇവരുടെ കുട്ടി നേതാവ് ‘റിജോ മോൻ’ ഇന്നലത്തെ പോലെ കുസൃതികൾ ഞങ്ങൾ കാട്ടുകയില്ല എന്ന് അമ്മച്ചിക്ക് ഉറപ്പും കൊടുത്തു. അവസാനം അമ്മച്ചി ‘കഥ പറയാം’ എന്ന് സമ്മതിച്ചു. സന്തോഷം കൊണ്ട് എല്ലാ വരും കൈകൾ അടിച്ചു… അമ്മച്ചിയുടെ കഥക്കായി കാതോർത്തു.
ഇനി വീട്ടിലെ സാധനങ്ങളുടെ കഥ പറയുന്നത് ഭൂഷണമല്ല എന്ന് തിരിച്ചറിഞ്ഞ അമ്മച്ചി, ഇക്കുറി കഥ ഒന്ന് മാറ്റിപ്പിടിച്ചു. ഇന്ന് ഞാൻ നിങ്ങൾക്ക് ഒരു പാമ്പിന്റെ കഥ പറഞ്ഞു തരാം. “യെ… യെ…..” കുട്ടികൾ ആവേശം കൊണ്ട് ബഹളം വെച്ചു. നിങ്ങൾ ഇങ്ങനെ ബഹളം കൂട്ടിയാൽ ഞാൻ കഥ പറച്ചിൽ നിർത്തും. ‘ എന്ന അമ്മച്ചിയുടെ താക്കീതിനു കുട്ടികൾ മൗനം പാലിച്ചു.
അമ്മച്ചി കഥ തുടർന്നു… ഇത് വെറും ഒരു പാമ്പല്ല. ഇത് “രത്നം” കൊണ്ട് നടക്കുന്ന രത്നപാമ്പാണ് (കുരുന്നുകളിൽ ആകാംക്ഷ വർദ്ധിച്ചു). ഉടനെ ചിഞ്ചുമോൾക്ക് ഒരു സംശയം, അമ്മച്ചി അവളുടെ സംശയത്തെ സ്വാഗതം ചെയ്തു.
ചിഞ്ചുമോൾ : എന്തിനാ ഈ പാമ്പ് രത്നം കൊണ്ട് നടക്കുന്നെ?”
അമ്മച്ചി: “നല്ല ചോദ്യം, ഞാൻ പറഞ്ഞു തരാം മക്കളെ”
അമ്മച്ചി തുടർന്നു… രത്നപാമ്പ് സാധാരണയായി അവയുടെ വായിൽ ആണ് രത്നം സൂക്ഷിക്കുക. രാത്രി കാലങ്ങളിൽ ഈ രത്നം സുരക്ഷിതമായ ഒരു സ്ഥലത്ത് വെക്കും; ആ വെട്ടത്തിൽ ഇരകളെ തിരിച്ചറിഞ്ഞ് അവയെ തിന്നുന്ന രീതിയാണ് ഇത്തരം പാമ്പുകളിൽ നമുക്ക് കാണാൻ സാധിക്കുക. “ഇപ്പോ എല്ലാവർക്കും മനസ്സിലായോ…” അമ്മച്ചിയുടെ ചോദ്യ ത്തിനു എല്ലാവരും മൂളിക്കൊണ്ട് തലയാട്ടി.
പണ്ട് പണ്ട് ഇതുപോലൊരു രതപാമ്പ് ഉണ്ടായിരുന്നു. പതിവുപോലെ രാത്രിയിൽ ഇരകളെ തേടി രത്നപാമ്പ് കാട്ടിൽ നിന്നും പുറപ്പെട്ടു. പതുക്കെ വായിലെ രത്നം പുറത്തെടുത്ത് ഒരു മരചുവട്ടിൽ വെച്ച് ഇരയ്ക്കായി കാത്തിരിക്കുന്ന സമയം…
അവിടെ നേരിയ അളവിൽ ഭൂമികുലുക്കം അനുഭവപ്പെടുകയും രതം മണ്ണിൽ മറയുകയും ചെയ്തു. അതോടെ രത്നത്തിന്റെ ശോഭ മാറി. അവിടെ അന്ധകാരമായി… ഉപജീവനമാർഗ്ഗമായ രതം നഷ്ടപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ പാമ്പ് സ്വയം തലതല്ലി ചത്തു. പിറ്റേ ദിവസം രാവിലെ അപൂർവ്വ ഇനമായ പാമ്പിനെ കാണാൻ ആളുകൾ ഓടിക്കൂടി. ഫോറസ്റ്റ് ഓഫീസർമാർ, പ്രകൃതി സംരക്ഷകർ, കുട്ടിനേതാക്കന്മാർ തുടങ്ങിയവരുടെ കൂട്ടത്തിൽ സ്ഥലത്തെ പ്രധാന പാതിരിയും എത്തി. ആർക്കും ഈ പാമ്പിനെ പറ്റി അറിയാതെ നിൽക്കുമ്പോൾ സ്ഥലത്തെ പാതിരി പറഞ്ഞു
“ഇതാണ് ഏദൻ തോട്ടത്തിൽ ഹവ്വയെ വഞ്ചിച്ച പാമ്പിന്റെ ഇനം”
പാതിരിയുടെ വാക്കുകൾ കൂടി നിന്ന ജനങ്ങളിൽ ചിരി ഉളവാക്കി. അധികം സമയം കളയാതെ പാതിരി അവിടെ നിന്ന് സ്ഥലം കാലിയാക്കി.
അമ്മച്ചി പറഞ്ഞു തീരാറായപ്പോൾ, റിജോമോൻ ഈ കഥ യുടെ ഗുണപാഠം എന്താണെന്നു ചോദിച്ചു. അമ്മച്ചി തുടർന്നു. നാളിതുവരെ നിങ്ങൾ കേട്ടതിൽ വെച്ചു വ്യത്യസ്തമാണ് ഈ ചെറുകഥ എന്നെനിക്കറിയാം. എന്നാൽ ഇതിനൊരു മനോഹരമായ ആശയം ഒളിഞ്ഞു കിടക്കുന്നുണ്ട്. പണ്ട് ഹവ്വയെ “നീ തിന്നുന്ന നാളിൽ ദൈവത്തെ പോലെ ആകുമെന്നു” നുണയുടെ രത്നം പതിപ്പിച്ചു പറഞ്ഞ വാക്കുകളിൽ മാനവരാശിയെ ദൈവത്തിൽ നിന്നും തെറ്റിച്ച സാത്താൻ പുതിയ തന്ത്രങ്ങളാകുന്ന ‘രത്നം’ കൊണ്ട് മനുഷ്യനെ ദൈവത്തിൽ നിന്നും തെറ്റിക്കാൻ ശ്രമിക്കുകയാണ്. പുതിയ കഥകൾ കേട്ട കുട്ടികൾ അമ്മച്ചിക്ക് നന്ദി പറഞ്ഞുകൊണ്ട് കിടന്നുറങ്ങാൻ പോയി… ഉണരുമ്പോൾ വീണ്ടും പുതിയ കഥകൾ കേൾക്കുവാൻ.
പാരമ്പര്യമാകുന്ന രത്നം വെച്ചു വചനത്തിൽ കുരുടരാക്കി, ജനത്തെ ദൈവത്തിൽ നിന്നും അകറ്റി മുട്ടുന്യായങ്ങൾ നിരത്തി നാശത്തിന്റെ വലിയൊരു വഴിയിലേക്ക് ജനത്തെ നയിക്കുകയാണ് ഒരു കൂട്ടർ. ആത്മീയതയുടെ വ്യാജ രത്നങ്ങൾ കാണിച്ച് ആ പ്രകാശത്തിലേക്ക് വന്നുചേരുന്നവരെ അന്ധകാരത്തിൽ പതിയിരിക്കുന്ന സാത്താൻ തന്റെ ഇരയാക്കിക്കൊണ്ടിരിക്കുമ്പോൾ, വെളിച്ച ദൂതന്റെ വേഷം അണിഞ്ഞ സാത്താനെ തിരിച്ചറിയണം; വചന വായനയിലൂടെ യഥാർത്ഥ സത്യത്തെ ഗ്രഹിക്കാം. ആ സത്യം ഏവരേയും സ്വതന്ത്രമാക്കട്ടെ!
-ബിനു വടക്കുംചേരി
ഓൺലൈനിൽ സൗജന്യമായി “ഉപദേശിയുടെ കിണർ” വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക:https://play.google.com/store/books/details?id=VA1ADwAAQBAJ
For more visits: https://www.binuvadakkencherry.com
Comments are closed.