ചെറുചിന്ത: പ്രാണൻ നേടാൻ ക്ഷമ
രാവിലെ പതിവുപോലെ ഞാൻ ദിനപ്രതം വായിക്കുകയായിരുന്നു. അമ്മ കൊണ്ടു വന്ന ചായയിൽ നിന്നും ആവി മുകളിലോട്ടു പോകുന്നതും നോക്കി ചായയിൽ മെല്ലെ മുത്തമിട്ടു, പത്രവായനയിൽ മുഴുകി. എന്റെ വായനാരീതിക്ക് ഒരു ശീലമുണ്ട്. ആദ്യം പത്രത്തിന്റെ ഫ്രണ്ട് പേജ് വായിച്ചു കഴിഞ്ഞാൽ പിന്നെ നേരെ ബാക്ക് പേജിൽ നിന്നും ബാക്ക്-ഇൻ. അങ്ങനെ വായിച്ചു വീണ്ടും മുന്നിൽ എത്തും.
ഞാൻ മാത്രമാണോ ഇങ്ങനെ പ്രതം വായിക്കുന്നത് എന്നറിയാൻ ശ്രമിച്ചപ്പോൾ ഇത്തരം സ്വഭാവമുള്ള വേറെയും ചിലരെ ഞാൻ കണ്ടെത്തി. നമ്മുടെ നാട്ടിൽ പതിവ് രീതിയാണ് രാവിലെ ചായയ്ക്കൊപ്പം പത്ര പത്ര വായന. വാർത്തകൾ പരത്തുന്ന ചായക്കടകളിൽ പതിനാറ് പേജുള്ള പത്രം പതിനാറു പേർ ഒരേ സമയം വായിക്കും എന്നതും ഐക്യത്തിന്റെ പ്രതീകമാണോ എന്നറിയില്ല. എന്നാൽ വിദേശികൾ ഇതിൽ നിന്നും വ്യത്യസ്ഥമാണ്. ഒരാൾ വായിക്കുകയാണെങ്കിൽ അയാളുടെ കയ്യിൽ മുഴുവൻ പേജുകളും കാണും. അത് അവരുടെ വായനയുടെ നിലവാരമാണത്രേ.
ഇങ്ങനെ പത്രവായനയിൽ മുഴുകിയിരിക്കുമ്പോൾ പെട്ടെന്ന് എന്റെ സുഹൃത്തുക്കൾ ബൈക്കിൽ ചീറിപാഞ്ഞ് പോകുന്നത് ഒരു മിന്നായം പോലെ കണ്ടു. അവർ എങ്ങോട്ടാ ഇത്ര വേഗതയിൽ? ആർക്കെങ്കിലും എന്തെങ്കിലും അപായം മറ്റും സംഭവിച്ചോ? അൽപ്പം കഴിഞ്ഞു ഞാൻ പത്രവായന നിർത്തി എഴുന്നേറ്റപ്പോൾ ഇതാ… കുറച്ചു നേരത്തെ ബൈക്കിൽ ചീറി പാഞ്ഞ അതേ സുഹൃത്തുക്കൾ രണ്ടുപേരും ബൈക്കും തള്ളികൊണ്ടു വരുന്നു.
ഇതെന്തുപറ്റി? “ബൈക്ക് പഞ്ചറായി”
വീണ്ടും ഞാൻ അവരോട് ചോദിച്ചു, വേഗത്തിൽ എങ്ങോട്ടായിരുന്നു യാത്ര? ആരെങ്കിലും ആശുപ്രതിയിൽ…?
അതിനു അവർ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. “ഞങ്ങൾ കോളേജിലേക്ക് പോകുന്ന വഴിയ..”
ഇങ്ങനെ പറഞ്ഞു നിൽക്കുമ്പോൾ ഇതാ നമ്മുടെ ഒരു മാഷ് വേഗത്തിൽ നടന്നുപോകുന്നു. സംസാരിക്കാൻ സമയമില്ല. ഇദ്ദേഹത്തിന്റെ പോക്ക് കണ്ടിട്ടാകണം നാട്ടുകാർ ഇയാളെ ‘വെപ്രാളം’ എന്ന് ഇരട്ടപേര് ഇട്ടതെന്നു തോന്നുന്നു.
ബൈക്കിൽ ചീറിപ്പാഞ്ഞ വിദ്യാർത്ഥികളും, ‘വെപ്രാള മാഷു’മെല്ലാം ഇന്നത്തെ ക്ഷമയില്ലാത്ത തലമുറകളുടെ ഉദാഹരണങ്ങൾ മാത്രമാണ്.
ഇന്ന് ആർക്കും ക്ഷമയില്ല. ബസ്സിൽ കയറിയാൽ സീറ്റ് കിട്ടണം. ‘Q‘ വിൽ നിൽക്കുകയാണെങ്കിൽ ആദ്യം നിൽക്കണം. എല്ലാവർക്കും തിരക്ക്… ആർക്കും ക്ഷമയോടെ കാത്തിരിക്കാൻ സമയമില്ല. മാതാപിതാക്കളുടെ വാക്കുകൾ ക്ഷമയോടെ കേൾക്കാത്ത തലമുറകൾ, ഭർത്താവിനോട് ക്ഷമയില്ല ഭാര്യയും- ഭാര്യയോടു ക്ഷമയില്ല ഭർത്താക്കന്മാരും. ആർക്കും ക്ഷമയില്ല അങ്ങനെ ക്ഷമയെന്ന വാക്ക് നവയുഗ സമൂഹത്തിൽ നിന്നും അനുദിനം അന്യപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ച കാണാം.
പ്രശാന്ത സുന്ദരമായ പാലക്കാടിന്റെ ഗ്രാമങ്ങളിൽ കൊയ്ത്തിനായി വിളഞ്ഞ് നിൽക്കുന്ന പാടങ്ങളുടെ കാഴ്ച ആരുടേയും കണ്ണ് കുളിർപ്പിക്കുന്നതാണ്. കൃഷിക്കാരൻ തന്റെ കൃഷിയിടത്തിലെ മണ്ണ് ഉഴുത് മറിച്ച് വിതക്കുവാനായി കൃഷിയിടം ഒരുക്കി വിത്തുപാകി ഞാറാകുമ്പോൾ നട്ട് പിന്നീട് വെള്ളവും വളവും പാകത്തിന് നൽകി ക്ഷമയോടെ നല്ലൊരു കൊയ്ത്ത്തിനായി കാത്തിരിക്കും.
ഒരു കൃഷിക്കാരന്റെ വിശ്രമമില്ലാത്ത പകലുകളുടെ പ്രതിഫലമായിരിക്കും വരാൻപോകുന്ന കൊയ്ത്തുത്സവം. “കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിനു കാത്തുകൊണ്ട് മുൻമഴയും പിന്മഴയും അതിന് കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലൊ. നിങ്ങളും ദീർഘ ക്ഷമയോടിരിക്കുവിൻ” (യാക്കോബ് 5:7)
ദീർഘക്ഷമയുള്ള നല്ല ഇടയനായ ദൈവം തന്റെ ജനത്തിന്റെ പ്രാണനെ തണിപ്പിക്കുന്നു. ആത്മാവിന്റെ നവഫലങ്ങളിൽ ദീർഘക്ഷമയെന്നതു ഈ കാലഘട്ടത്തിൽ നമ്മിൽ നിന്നും പുറപ്പെടേണ്ടതായ ഫലങ്ങളിൽ ഒന്നാണ്. അതെ നിങ്ങൾ ക്ഷമകൊണ്ട് നിങ്ങളുടെ പ്രാണൻ നേടും (ലൂക്കൊസ്21:19).
വാൽക്കഷണം: കോപം ഭ്രാന്തിന്റെ മറ്റൊരു ലക്ഷണമാണ്. അതിനാൽ കോപത്തെ കുതിരക്കു കടിഞ്ഞാൺ ഇടുന്നതുപോലെ നിയന്ത്രിക്കണം; ക്ഷമ കൊണ്ട് ചിലത് നേടുമ്പോൾ കോപം കൊണ്ട് നഷ്ടം മാത്രം ഉണ്ടാകുന്നു.
-ബിനു വടക്കുംചേരി
ഓൺലൈനിൽ സൗജന്യമായി "ഉപദേശിയുടെ കിണർ" വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക:
ബിനു വടക്കുംചേരിയുടെ സൗജന്യ ആന്‍ഡ്രോയിട് മൊബൈല്‍ ആപ്പ് ലഭ്യമാണ് - App Link : https://goo.gl/h9eHxT
For more visit: https://www.binuvadakkencherry.com
Comments are closed.